National
ന്യൂഡൽഹി: രാജ്യത്ത് ക്രിസ്മസ് ആഘോഷങ്ങൾക്കും ക്രൈസ്തവർക്കും എതിരായി നടക്കുന്ന ആക്രമണങ്ങളിൽ അപലപിച്ച് കാത്തലിക് ബിഷപ് കൗൺസിൽ ഓഫ് ഇന്ത്യ (സിബിസിഐ).
ആസൂത്രിതമായ ആക്രമണങ്ങളാണ് വിവിധ സംസ്ഥാനങ്ങളിലുണ്ടാകുന്നത്. സമാധാനപരമായി കരോൾ പാടുന്നവർക്കും പള്ളികളിൽ പ്രാർഥനയ്ക്കായി ഒത്തുകൂടിയവർക്കും എതിരെ ഉണ്ടാകുന്ന ഇത്തരം ആക്രമണങ്ങൾ, ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തെയും ഭയമില്ലാതെ ആരാധിക്കാനും ജീവിക്കാനുമുള്ള അവകാശത്തെയും ഗുരുതരമായി ഹനിക്കുന്നതാണെന്നും സിബിസിഐ പ്രസ്താവനയിൽ പറഞ്ഞു.
മധ്യപ്രദേശിലെ ജബൽപുരിലുണ്ടായ അക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഞെട്ടിക്കുന്നതാണ്. ക്രിസ്മസ് പരിപാടിയിൽ പങ്കെടുത്ത കാഴ്ചപരിമിതിയുള്ള ഒരു സ്ത്രീയെ ബിജെപി സിറ്റി വൈസ് പ്രസിഡന്റ് അഞ്ജു ഭാർഗവ പരസ്യമായി അധിക്ഷേപിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. അത്യന്തം മനുഷ്യത്വരഹിതമായ ഈ പ്രവൃത്തി ചെയ്ത അഞ്ജു ഭാർഗവയെ ഉടൻ ബിജെപി പുറത്താക്കണമെന്നും സിബിസിഐ ആവശ്യപ്പെട്ടു.
ക്രൈസ്തവർക്കെതിരെ ഡിസംബർ 24ന് ഛത്തീസ്ഗഡിൽ ബന്ദിന് ആഹ്വാനം ചെയ്തുകൊണ്ട് ഹിന്ദുത്വസംഘടനകൾ സോഷ്യൽ മീഡിയയിലൂടെ വിദ്വേഷപ്രചാരണം നടത്തുന്നതിലും കൗൺസിൽ ആശങ്ക പ്രകടിപ്പിച്ചു. ഇത്തരം സന്ദേശങ്ങൾ സമൂഹത്തിൽ സംഘർഷമുണ്ടാക്കാനും അക്രമം അഴിച്ചുവിടാനും കാരണമാകുമെന്ന് ബിഷപ്പുമാർ മുന്നറിയിപ്പ് നൽകി.
വിദ്വേഷവും അക്രമവും പ്രചരിപ്പിക്കുന്ന വ്യക്തികൾക്കും സംഘടനകൾക്കുമെതിരെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരവും ശക്തവുമായ നടപടികൾ കൈക്കൊള്ളണമെന്നും, രാജ്യത്തുടനീളം ക്രിസ്മസ് സമാധാനപരമായും സുരക്ഷിതമായും ആഘോഷിക്കാൻ ആവശ്യമായ സംരക്ഷണം ഉറപ്പാക്കണമെന്നും സിബിസിഐ പിആർഒ ഫാ. റോബിൻസൺ റോഡ്രിഗസ് പങ്കുവച്ച പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
District News
കോഴിക്കോട്: താമരശേരി രൂപതയുടെ സ്ഥാപനമായ ജോണ്‍പോള്‍ സെക്കന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കൗണ്‍സിലിംഗ് ആന്‍ഡ് സൈക്കോതെറാപ്പി (ജെ പി ഐ)യില്‍ ക്രിസ്മസ് ആഘോഷം നടത്തി.
വികാരി ജനറാള്‍ മോണ്‍. ജോയ്സ് വയലില്‍ അധ്യക്ഷത വഹിച്ചു. താമരശേരി രൂപത ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. ക്രിസ്മസ് പ്രതീക്ഷയുടെയും പ്രത്യാശയുടെയും തിരുനാളാണെന്ന് ബിഷപ് പറഞ്ഞു. വേദനിക്കുന്ന മനസുമായി എത്തുന്നവര്‍ക്ക് ആശ്വാസവും പ്രത്യാശയും നല്കുന്ന സ്ഥാപനമാണ് ജെപിഐയെന്നും അദ്ദേഹം പറഞ്ഞു.
ഫാ. റോയി തേക്കുംകാട്ടില്‍, ഫാ. ജോബി തോമസ്, ജിതേഷ്, ഫജീന, ഡയറക്ടര്‍ ഫാ. കുര്യന് പുരമഠം, ഫാ. ജോജി എന്നിവര്‍ പ്രസംഗിച്ചു. ഫാ. സായി പാറന്‍കുളങ്ങര, ശാലിനി എന്നിവര്‍ നേതൃത്വം നല്കി.
National
ഹരിദ്വാർ: ഹിന്ദുസംഘടനകളുടെ പ്രതിഷേധത്തെത്തുടർന്ന് ഹരിദ്വാറിൽ ഗംഗാനദിക്കരയിലുള്ള ഹോട്ടലിൽ ക്രിസ്മസിനോടനുബന്ധിച്ച് കുട്ടികൾക്കായി നിശ്ചയിച്ചിരുന്ന ആഘോഷം റദ്ദാക്കി.
ഉത്തർപ്രദേശ് ടൂറിസം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടൽ ഭാഗീരഥിയിൽ കുട്ടികൾക്കുള്ള ഒട്ടേറെ പരിപാടികളോടെ 24 ന് ക്രിസ്മസ് ആഘോഷിക്കാനാണു തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണു പ്രതിഷേധമുയർന്നത്.
ഗംഗാനദിക്കരയിൽ ക്രിസ്മസ് ആഘോഷം അനുവദിക്കില്ലെന്നും പരിപാടി ഉടൻ റദ്ദാക്കണമെന്നും ശ്രീ ഗംഗ സഭയുടെ ഭാരവാഹി ഉജ്വൽ പണ്ഡിറ്റ് സമൂഹമാധ്യമത്തിലൂടെ ഭീഷണി മുഴക്കി.
വിദേശസംസ്കാരം പിന്തുടരുന്ന പരിപാടികൾ ഗംഗാനദിക്കരയിൽ അനുവദിക്കില്ല. ഹരിദ്വാറിന്റെയും ഗംഗയുടെയും മതപരമായ പവിത്രത കളങ്കപ്പെടുത്തുന്നതാണ് ഇത്തരം പരിപാടികളെന്നും അദ്ദേഹം വാദിച്ചു. ആർഎസ്എസും പരിപാടിയിൽ എതിർപ്പറിയിച്ചു.
ഹരിദ്വാറിനെക്കുറിച്ചുള്ള മതപരമായ വിശ്വാസവും പാരന്പര്യവും എല്ലാവരും ബഹുമാനിക്കണമെന്ന് ആർഎസ്എസ് പ്രചാർപ്രമുഖ് പദ്മാജിയും നിലപാടെടുത്തു. ഹോട്ടലുമായി ബന്ധപ്പെട്ടപ്പോൾ ഒരു പരിപാടിയും ആലോചിച്ചിട്ടില്ലെന്നു പറഞ്ഞതായും ഉജ്വൽ വെളിപ്പെടുത്തി.
റിസപ്ഷനിൽ ക്രിസ്മസ് ട്രീ ഒരുക്കുക മാത്രമാണു ചെയ്തതെന്ന് ഹോട്ടൽ നടത്തിപ്പുകാരൻ നീരജ് ഗുപ്ത പറഞ്ഞു. കുട്ടികൾക്കായി പരിപാടികളും ആസൂത്രണം ചെയ്തിരുന്നു. എന്നാൽ ഭീഷണിമൂലം ഇതു റദ്ദാക്കിയെന്നും അദ്ദേഹം പറഞ്ഞു.
National
ന്യൂഡൽഹി: തലസ്ഥാനനഗരിയിൽ ക്രിസ്മസ് ആഘോഷങ്ങൾക്കു തുടക്കം. എംപിമാരുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന ക്രിസ്മസ് ആഘോഷം ദേശീയ നേതാക്കളുടെയും വിവിധ ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരുടെയും സാന്നിധ്യംകൊണ്ടു ശ്രദ്ധേയമായി.
ഡൽഹി ജിംഖാന ക്ലബ്ബിൽ നടന്ന ആഘോഷം പ്രിയങ്ക ഗാന്ധി എംപി ഉദ്ഘാടനം ചെയ്തു. തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി, ഹിമാചൽപ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖു, മുതിർന്ന നേതാക്കളായ ടി. ആർ. ബാലു, കെ.സി. വേണുഗോപാൽ, ശശി തരൂർ, മനു അഭിഷേക് സിംഗ്വി, താരീഖ് അൻവർ, കുമാരി ഷെൽജ, സുപ്രിയ സുലെ, ബി.കെ. ഹരിപ്രസാദ് തുടങ്ങിയവരും ആർച്ച്ബിഷപ്പുമാരായ മാർ കുര്യാക്കോസ് ഭരണികുളങ്ങര, ഡോ. അനിൽ കൂട്ടോ, ബിഷപ്പുമാരായ മാർ ജോസ് പുത്തൻവീട്ടിൽ, ജോസഫ് മാർ ബാർണബാസ്, ഗീവർഗീസ് മാർ ജൂലിയോസ്, യൂഹന്നാൻ മാർ ദിമിത്രിയോസ്, പോൾ സ്വരൂപ് എന്നിവരും പോൾ ദിനകരൻ അടക്കമുള്ള മതനേതാക്കളും പങ്കെടുത്തു. പാർലമെന്റിലെ ക്രൈസ്തവ എംപിമാരുടെ ഫോറം ചെയർമാൻ ആന്റോ ആന്റണിയുടെയും വൈസ് ചെയർമാൻ പി. വിൽസന്റെയും നേതൃത്വത്തിലായിരുന്നു ആഘോഷപരിപാടി സംഘടിപ്പിച്ചത്.
എംപിമാരായ അടൂർ പ്രകാശ്, എൻ.കെ. പ്രേമചന്ദ്രൻ, ഇ.ടി. മുഹമ്മദ് ബഷീർ, ഫ്രാൻസിസ് ജോർജ്, ബെന്നി ബെഹനാൻ, രാജ്മോഹൻ ഉണ്ണിത്താൻ, അബ്ദുസമദ് സമദാനി, ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ, ഹാരിസ് ബീരാൻ, പി. സന്തോഷ് കുമാർ, ഷാഫി പറന്പിൽ, ജെബി മേത്തർ തുടങ്ങിയവരും വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി (വെസ്റ്റ്) സിബി ജോർജ്, സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഡോ. മാത്യു കോയിക്കൽ, ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഡോ. റോബി കണ്ണൻചിറ, കേന്ദ്ര ധനമനമന്ത്രാലയ ഡയറക്ടർ മനു വെട്ടിക്കൽ തുടങ്ങി നിരവധി പ്രമുഖരും ക്രിസ്മസ് ആഘോഷത്തിനെത്തി.
District News
തിരുവനന്തപുരം: വൈഎംസിഎയുടെ ആഭിമുഖ്യത്തിൽ സെന്റ് തോമസ് സ്കൂളിലെ ഡോ. ജോസഫ് മാർത്തോമാ ഓഡിറ്റോറിയത്തിൽ നടത്തിയ കാരൾ ഗാനസന്ധ്യയോടെ തലസ്ഥാനത്ത് ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കമായി. തുടർന്ന് തലസ്ഥാനത്തെ 16 പള്ളികളിൽ നിന്നുള്ള ക്വയർ സംഘങ്ങൾ കാരൾ ഗാനങ്ങൾ അവതരിപ്പിച്ചു.
മേജർ അതിരൂപത മലങ്കര കത്തോലിക്ക സഹായമെത്രാൻ റവ. ഡോ. യൂഹാനോൻ മാർ അലക്സിയോസ് ക്രിസ്മസ് സന്ദേശം നൽകി. വൈഎംസിഎ പ്രസിഡന്റ് ഡോ. നൂർതർ ജേക്കബ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വർഗീസ് ജോസഫ്, സ്പിരിച്ച്വൽ കമ്മിറ്റി ചെയർമാൻ ജേക്കബ് ജോർജ്, ട്രഷറർ ഡേവിഡ് ഗെനിയോസോസ്, ജനറൽ സെക്രട്ടറി ബിറ്റി കെ. വർഗീസ് എന്നിവർ പ്രസംഗിച്ചു.
വൈഎംസിഎ ക്വയറിനു പുറമേ പാളയം സിഎസ്ഐ ക്രൈസ്റ്റ് ചർച്ച്, പേരുർക്കട സിഎസ് ഐ ചർച്ച്, പാളയം സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ, പേരൂർക്കട എബനേസർ മാർത്തോമ്മ ചർച്ച്, വഴുതക്കാട് ശാലം മാർത്തോമ്മ ചർച്ച്, പുന്നൻ റോഡ് സെന്റ് പീറ്റേഴ്സ് യാക്കോബാ സിംഹാസന കത്തീഡ്രൽ, നന്തൻകോട് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച്, പാറ്റൂർ സെന്റ് തോമസ് മാർത്തോമ്മ ചർച്ച്, പാളയം സിഎസ്ഐ മറ്റീർ മെമ്മോറിയൽ ചർച്ച്, നന്തൻകോട് ജെറുസലേം പാളയം സിഎസ്ഐ മാർത്തോമ്മ ചർച്ച്, പെരുത്തിപ്പാറ ഇമ്മാനുവേൽ മാർത്തോമ്മ ചർച്ച്, കുമരപുരം സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച്, കവടിയാർ മാർ അപ്രേം ഓർത്തഡോക് സ് ചർച്ച്, പോങ്ങുംമൂട് സെന്റ് മേരീസ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് സിംഹാസന ചർച്ച്, സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് ഓർത്തഡോക്സ് സിറിയൻ ചർച്ച്, ശ്രീകാര്യം സെന്റ് ജോസഫ് എമ്മാവൂസ് കത്തോലിക്ക ചർച്ച് എന്നിവിടങ്ങളിലെ സംഘങ്ങൾ ഗാനങ്ങൾ ആലപിച്ചു.
International
വത്തിക്കാൻ സിറ്റി: ജൂബിലിവര്‍ഷത്തെ ക്രിസ്മസ് ആഘോഷത്തിനായി വത്തിക്കാനില്‍ ഒരുക്കം തുടങ്ങി. സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ കൂറ്റൻ ക്രിസ്മസ് ട്രീ സ്ഥാപിച്ചുകഴിഞ്ഞു.
വടക്കൻ ഇറ്റലിയിലെ ബൊൽസാനൊ പ്രവിശ്യയിൽപ്പെട്ട വാൽ ദ ഉൽറ്റിമോയിൽനിന്നാണ് ഇക്കുറി ക്രിസ്മസ് ട്രീയായി ഉപയോഗിക്കാൻ 88 അടി ഉയരമുള്ള സരളവൃക്ഷം എത്തിച്ചിരിക്കുന്നത്. ലാഗുൻഡോ, വാൽ ദ ഉൾറ്റിമോ നഗരസഭകൾ സംയുക്തമായാണ് പ്രത്യേക ട്രക്കുകളിൽ വ്യാഴാഴ്ച രാവിലെ ട്രീ വത്തിക്കാനിലെത്തിച്ചത്. തുടർന്ന് കൂറ്റൻ ക്രെയിനിന്റെ സഹായത്തോടെ ട്രീ ഉയർത്തി സ്ഥാപിച്ചു.
പ്രധാന ട്രീക്കൊപ്പം വത്തിക്കാനിലെ വിവിധ ഓഫീസുകളിൽ സ്ഥാപിക്കുന്നതിനായി 40 ചെറു ട്രീകളും എത്തിച്ചിട്ടുണ്ട്. മുറിച്ച മരങ്ങൾക്കു പകരമായി നൂറുകണക്കിനു മരങ്ങളാണ് വച്ചുപിടിപ്പിക്കുന്നത്. ഈ ദിവസങ്ങളില്‍ ട്രീയില്‍ അലങ്കാരങ്ങള്‍ നടത്തും.
വത്തിക്കാന്‍ ചത്വരത്തിൽ ക്രിസ്മസ് ട്രീയുടെ സമീപത്തു പുൽക്കൂട് നിര്‍മാണവും ആരംഭിച്ചിട്ടുണ്ട്. ഇറ്റലിയിലെ സലേർണൊ പ്രവിശ്യയും നോചെറ ഇൻഫെരിയോറെ സാർണോ രൂപതയും ചേര്‍ന്നാണ് പുല്‍ക്കൂട് ഒരുക്കുന്നത്.
പ്രദേശത്തിന്റെ തനിമ തെളിഞ്ഞുനിൽക്കുന്ന വിധത്തിലായിരിക്കും തിരുപ്പിറവിയുടെ കലാവിഷ്കാരം. പോൾ ആറാമൻ ഹാളില്‍ മറ്റൊരു പുൽക്കൂടുകൂടി ഒരുക്കുന്നുണ്ട്. കോസ്റ്റാറിക്ക രാജ്യമാണ് ഇതു നിർമിക്കുന്നത്. ഡിസംബർ ഏഴിനു വൈകുന്നേരം 6.30നായിരിക്കും ക്രിസ്മസ് ട്രീയും പുൽക്കൂടും മറ്റു ദീപാലങ്കാരങ്ങളും അനാവരണം ചെയ്യപ്പെടുക.
ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ കാലത്ത് 1982ൽ പോളണ്ടിലെ ഒരു കർഷകൻ തന്റെ തോട്ടത്തിലെ കൂറ്റൻ മരം ക്രിസ്മസ് ട്രീക്കായി എത്തിച്ചുനൽകിയതോടെയാണ് വത്തിക്കാനിലെ ക്രിസ്മസ് ട്രീ പാരന്പര്യം തുടങ്ങുന്നത്. ഇതോടെ എല്ലാ വർഷവും മാർപാപ്പയ്ക്ക് ക്രിസ്മസ് ട്രീ സമ്മാനമായി നൽകുന്നത് വിവിധ രാജ്യങ്ങൾ ഒരു ബഹുമതിയായി കണ്ടു.
ഓരോ വർഷവും വ്യത്യസ്ത രാജ്യങ്ങളിൽനിന്നാണ് വത്തിക്കാനിൽ ക്രിസ്മസ് ട്രീ എത്തുന്നത്.